മുതുകുളം
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ മുതുകുളം ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മുതുകുളം. മുതുകുളം പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 11.58 ചതുരശ്രകിലോമീറ്ററാണ്. ആലപ്പുഴ ജില്ലയുടെ തെക്കുപടിഞ്ഞാറ് കായംകുളം കായലിന് 5 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിനെ കായംകുളം-കാര്‍ത്തികപ്പള്ളി റോഡ് രണ്ടായി വിഭജിക്കുന്നു. പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്ത് ആറാട്ടുപ്പുഴ പഞ്ചായത്തും, കിഴക്കുഭാഗത്ത് പത്തിയൂര്‍, ചേപ്പാട് പഞ്ചായത്തുകളും, തെക്കുഭാഗത്ത് കണ്ടല്ലൂര്‍ പഞ്ചായത്തും, വടക്കുഭാഗത്ത് ചിങ്ങോലി പഞ്ചായത്തും മുതുകുളം പഞ്ചായത്തുമായി അതിര്‍ത്തി പങ്കു വയ്ക്കുന്നു. പഞ്ചായത്തിലെ ഭൂപ്രദേശങ്ങളുടെ ശരാശരി ഉയരം സമുദ്രനിരപ്പില്‍ നിന്നും 8 മീറ്ററാണ്. 1953-ലാണ് മുതുകുളം പഞ്ചായത്ത് നിലവില്‍ വരുന്നത്. കരിയാഞ്ചിയില്‍ ഇ.കെ.മാധവന്‍പിള്ളയായിരുന്നു ആദ്യ പഞ്ചായത്തു കമ്മിറ്റിയുടെ പ്രസിഡന്റ്. മലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രമായ ബാലന്‍ -ന്റെ കഥ, സംഭാഷണം, ഗാനങ്ങള്‍, അഭിനയം തുടങ്ങിയ സമസ്തമേഖലകളിലും തനതുസംഭാവന നല്‍കിയ മുതുകുളം രാഘവന്‍പിള്ളയുടേയും മലയാളസിനിമയിലെ ഒരേയൊരു ഗന്ധര്‍വ്വനായിരുന്ന പി.പത്മരാജന്റേയും സ്വദേശമെന്ന നിലയിലാണ് മുതുകുളത്തെ പുറംലോകം ആദ്യം അറിയുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുത്തുക്കുളം എന്നായിരുന്നുവത്രെ ഈ പ്രദേശത്തിന്റെ പേര്. മുത്തുക്കുളം നൂറ്റാണ്ടുകളിലൂടെ മുതുകുളം ആയി മാറി. ഇന്നലെകളിലെ കാര്‍ഷികസമൃദ്ധിയുടെ ധന്യദീപ്തിയാണ് ഈ നാമധേയത്തിന് പിന്നിലുള്ളതെന്ന് കരുതാം. മന്നത്ത് പത്മനാഭന്റെ മുതുകുളം പ്രഖ്യാപനം വളരെ പ്രശസ്തമാണ്.
ചരിത്രം
പാണ്ഡവര്‍ അജ്ഞാതവാസകാലത്ത് ഇവിടെയും താമസിച്ചിരുന്നതായി പഴങ്കഥയുണ്ട്. അന്ന് ഗ്രാമീണരുടെ ആതിഥ്യ മര്യാദയില്‍ സംപ്രീതയായ കുന്തി താന്‍ പൂജിച്ചു വന്നിരുന്ന ദേവതയെ ഗ്രാമീണരുടെ ഐശ്വരത്തിനായി ഇവിടെ തന്നെ പ്രതിഷ്ഠിച്ചു നല്‍കി എന്നാണു വിശ്വാസം.
സ്ഥലനമോല്‍പത്തി
മുത്തുകള്‍ പോലെ മൂല്യവത്തായ ധാന്യകലവറ ആയിരുന്നതിനാലാണ് ഈ പ്രദേശത്തിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുത്തുക്കുളം എന്ന പേര് ലഭിച്ചതെന്നും പിന്നീട് മുതുകുളം ആയിമാറിയെന്നും പറയപ്പെടുന്നു.
സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
മന്നത്തു പത്മനാഭന്‍റെ മുതുകുളം പ്രഖ്യാപനം താലൂക്ക് കോണ്‍ഗ്രസ്സിന്‍റെ സമ്മേളനം മുതുകുളത്ത് വച്ചു നടന്നപ്പോഴാണ് ഉണ്ടായത്. ഇത് മൂന്നു ദിവസം നീണ്ടുനിന്നു. സി.പി.യുടെ കിരാത ഭരണക്കാലത്ത് കോണ്‍ഗ്രസ്സിന്‍റെ യോഗങ്ങള്‍ നിരോധിച്ചു. നിരോധനം ലംഘിച്ചു യോഗം ചേരാന്‍ ഇ.കെ. മാധവന്‍ പിള്ളയുടെ നേതൃത്വത്തില്‍ പ്രാദേശിക കോണ്‍ഗ്രസ്സ് കമ്മിറ്റി തീരുമാനിച്ചു. യോഗം അലങ്കോലപ്പെടുത്താന്‍ ഗുണ്ടകളായ അരപ്പോലീസ് വന്നെങ്കിലും ജനങ്ങളുടെ സംഘടിത ചെറുത്തു നില്‍പ്പിനെതിരെ അവര്‍ക്ക് ഒന്നും ചെയ്യാനായില്ല.
സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
1916ല്‍ ചിത്തിര തിരുനാള്‍ മഹാരാജാവിന്‍റെ ഭരണകാലത്ത് ആരംഭിച്ച കൊട്ടാരംവക സ്കൂളാണ് ആദ്യ സ്കൂള്‍.
പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1953ല്‍ ശ്രീകരിയാഞ്ചയില്‍ ഇ. കെ. മാധവന്‍ പിള്ള പ്രസിഡന്‍റായി ആദ്യത്തെ ജനകീയ പഞ്ചായത്ത് രൂപീകരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ