ആലപ്പുഴ ജില്ലയില്‍ അറബിക്കടലിന്റെ തീരത്ത് കായംകുളം കായലിന്റെ പടിഞ്ഞാറും കിഴക്കുമുള്ള ഇരുകരകളിലുമായി 13.8 കിലോമീറ്റര്‍ തെക്കുവടക്ക് നീളത്തില്‍ ആറാട്ടുപുഴ പഞ്ചായത്ത് സ്ഥിതിചെയ്യുന്നു. കാര്‍ത്തികപ്പള്ളി താലൂക്കില്‍ ആറാട്ടുപുഴ വില്ലേജുള്‍പ്പെടുന്ന ഈ പഞ്ചായത്ത് ഹരിപ്പാട് അസംബ്ളി നിയോജകമണ്ഡലത്തിലും ആലപ്പുഴ ലോക്സഭാമണ്ഡലത്തിലുമാണ് ഉള്‍പ്പെടുന്നത്. 22.70 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ആറാട്ടുപുഴ പഞ്ചായത്തിന്റെ ഓഫീസ് ആസ്ഥാനം കള്ളിക്കാട് സ്ഥിതി ചെയ്യുന്നു. എ-ഗ്രേഡ് പഞ്ചായത്തുകളുടെ കൂട്ടത്തിലാണ് ആറാട്ടുപുഴ ഗ്രാമപ്പഞ്ചായത്ത് ഉള്‍പ്പെടുന്നത്. കായലിന്റെയും കടലിന്റെയും ഇടയിലായി പടിഞ്ഞാറേക്കരയില്‍ വല്ല്യഴീക്കല്‍ മുതല്‍ മംഗലം വരെയും, കിഴക്കേകരയില്‍ കിളിമുക്ക് മുതല്‍ മൂണ്ടുകാടു വരേയും വ്യാപിച്ചുകിടക്കുന്ന ഭൂപ്രദേശമാണ് ആറാട്ടുപുഴ പഞ്ചായത്ത്. ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്ത് അറബിക്കടലിനോടു ചേര്‍ന്നുകിടക്കുന്ന ഈ പഞ്ചായത്തിനെ കായംകുളം കായല്‍ രണ്ടായി മുറിക്കുന്നു. വടക്കുഭാഗത്ത് തൃക്കുന്നപ്പുഴ പഞ്ചായത്തും, കിഴക്കുഭാഗത്ത് കാര്‍ത്തികപ്പള്ളി, ചിങ്ങോലി, മുതുകുളം, കണ്ടല്ലൂര്‍ എന്നീ പഞ്ചായത്തുകളും തെക്കുഭാഗത്ത് കായംകുളം പൊഴിയും പടിഞ്ഞാറുഭാഗത്ത് അറബിക്കടലും പഞ്ചായത്തിന്റെ അതിരുകളായി സ്ഥിതി ചെയ്യുന്നു. 12-ാം ശതകത്തിലോ 13-ാം ശതകത്തിലോ കടലില്‍ ആണ്ടുപോയ ശ്രീമൂലവാസത്തെ ബുദ്ധക്ഷേത്രത്തിലെ, ആറാട്ടു നടന്നിരുന്ന പവിത്രസ്ഥാനമായിരുന്ന പ്രദേശമായിരുന്നതിനാലാണ് ആറാട്ടുപുഴയെന്ന പേര് കിട്ടിയതെന്ന് പറയപ്പെടുന്നു.
ചരിത്രം
ഒരുകാലത്ത് കായംകുളം കായല്‍ നൂറുമേനി വിളയുന്ന നെല്‍പ്പാടങ്ങളായിരുന്നു എന്ന് പറയപ്പെടുന്നു. മാര്‍ത്താണ്ഡവര്‍മയോട് യുദ്ധത്തില്‍ തോറ്റ കായംകുളം രാജാവ് നൈരാശ്യവും വൈരാഗ്യവും മൂലം തന്‍റെ നാവികപ്പടയാളികളായ ആറാട്ടുപുഴയിലെ അരയന്മാരെക്കൊണ്ട് പൊഴിതുറപ്പിച്ച് സമുദ്രജലം കയറ്റിവിട്ട് കായല്‍ നിലങ്ങള്‍ നശിപ്പിച്ചുവത്രേ. പൗരാണിക കാലത്ത് ബ്രാഹ്മണരുടെയും മറ്റു സവര്‍ണരുടെയും ആവാസകേന്ദ്രമായിരുന്നു.
സ്ഥലനമോല്‍പത്തി
രണ്ടാം ശതകത്തിലോ മൂന്നാം ശതകത്തിലോ കടലില്‍ ആണ്ടു പോയ ശ്രീമൂലവാസത്തെ ബുദ്ധക്ഷേത്രത്തിലെ ആറാട്ടു നടന്നിരുന്ന ചരിത്രസ്ഥാനമായിരുന്നതിനാലാണ് ആറാട്ടു പുഴയെന്ന് പേര് ലഭിച്ചുതെന്ന് പറയപ്പെടുന്നു.
സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു കൊണ്ടിരുന്നവരുടെ നേതൃത്വത്തില്‍ സമഭാമിനി എന്ന യുവജനസമാജം രൂപീകരിച്ചു. എല്ലാ താല്‍പര്യങ്ങള്‍ക്കും അതീതമായി നാട്ടുകാരെ സമഭാമിനിയുടെ കീഴില്‍ അണിനിരത്തി ക്കൊണ്ട് കടപ്പുറത്തുനിന്ന് തുരുത്തിലേക്ക് ബലവത്തായ ഒരു ചിറ നിര്‍മിച്ചു. ദേശീയ പ്രസ്ഥാന കാലഘട്ടത്തില്‍ നടന്ന ഒരു പ്രധാന സന്നദ്ധപ്രവര്‍ത്തനമായിരുന്നു ഇത്.
വാണിജ്യ- ഗതാഗത പ്രാധാന്യം
കറുത്തപൊന്നും സുഗന്ധ വ്യഞ്ജനങ്ങളും തേടി അറബികളും അവര്‍ക്ക് പിന്നാലെ പോര്‍ട്ടുഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും ആറാട്ടുപുഴയിലെത്തിയിരുന്നു.












