2012 ഡിസംബർ 2, ഞായറാഴ്‌ച

ആറാട്ടുപുഴ


ആലപ്പുഴ ജില്ലയില്‍ അറബിക്കടലിന്റെ തീരത്ത് കായംകുളം കായലിന്റെ പടിഞ്ഞാറും കിഴക്കുമുള്ള ഇരുകരകളിലുമായി 13.8 കിലോമീറ്റര്‍ തെക്കുവടക്ക് നീളത്തില്‍ ആറാട്ടുപുഴ പഞ്ചായത്ത് സ്ഥിതിചെയ്യുന്നു. കാര്‍ത്തികപ്പള്ളി താലൂക്കില്‍ ആറാട്ടുപുഴ വില്ലേജുള്‍പ്പെടുന്ന ഈ പഞ്ചായത്ത് ഹരിപ്പാട് അസംബ്ളി നിയോജകമണ്ഡലത്തിലും ആലപ്പുഴ ലോക്സഭാമണ്ഡലത്തിലുമാണ് ഉള്‍പ്പെടുന്നത്. 22.70 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ആറാട്ടുപുഴ പഞ്ചായത്തിന്റെ ഓഫീസ് ആസ്ഥാനം കള്ളിക്കാട് സ്ഥിതി ചെയ്യുന്നു. എ-ഗ്രേഡ് പഞ്ചായത്തുകളുടെ കൂട്ടത്തിലാണ് ആറാട്ടുപുഴ ഗ്രാമപ്പഞ്ചായത്ത് ഉള്‍പ്പെടുന്നത്. കായലിന്റെയും കടലിന്റെയും ഇടയിലായി പടിഞ്ഞാറേക്കരയില്‍ വല്ല്യഴീക്കല്‍ മുതല്‍ മംഗലം വരെയും, കിഴക്കേകരയില്‍ കിളിമുക്ക് മുതല്‍ മൂണ്ടുകാടു വരേയും വ്യാപിച്ചുകിടക്കുന്ന ഭൂപ്രദേശമാണ് ആറാട്ടുപുഴ പഞ്ചായത്ത്. ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്ത് അറബിക്കടലിനോടു ചേര്‍ന്നുകിടക്കുന്ന ഈ പഞ്ചായത്തിനെ കായംകുളം കായല്‍ രണ്ടായി മുറിക്കുന്നു. വടക്കുഭാഗത്ത് തൃക്കുന്നപ്പുഴ പഞ്ചായത്തും, കിഴക്കുഭാഗത്ത് കാര്‍ത്തികപ്പള്ളി, ചിങ്ങോലി, മുതുകുളം, കണ്ടല്ലൂര്‍ എന്നീ പഞ്ചായത്തുകളും തെക്കുഭാഗത്ത് കായംകുളം പൊഴിയും പടിഞ്ഞാറുഭാഗത്ത് അറബിക്കടലും പഞ്ചായത്തിന്റെ അതിരുകളായി സ്ഥിതി ചെയ്യുന്നു. 12-ാം ശതകത്തിലോ 13-ാം ശതകത്തിലോ കടലില്‍ ആണ്ടുപോയ ശ്രീമൂലവാസത്തെ ബുദ്ധക്ഷേത്രത്തിലെ, ആറാട്ടു നടന്നിരുന്ന പവിത്രസ്ഥാനമായിരുന്ന പ്രദേശമായിരുന്നതിനാലാണ് ആറാട്ടുപുഴയെന്ന പേര് കിട്ടിയതെന്ന് പറയപ്പെടുന്നു.

ചരിത്രം
ഒരുകാലത്ത് കായംകുളം കായല്‍ നൂറുമേനി വിളയുന്ന നെല്‍പ്പാടങ്ങളായിരുന്നു എന്ന് പറയപ്പെടുന്നു. മാര്‍ത്താണ്ഡവര്‍മയോട് യുദ്ധത്തില്‍ തോറ്റ കായംകുളം രാജാവ് നൈരാശ്യവും വൈരാഗ്യവും മൂലം തന്‍റെ നാവികപ്പടയാളികളായ ആറാട്ടുപുഴയിലെ അരയന്മാരെക്കൊണ്ട് പൊഴിതുറപ്പിച്ച് സമുദ്രജലം കയറ്റിവിട്ട് കായല്‍ നിലങ്ങള്‍ നശിപ്പിച്ചുവത്രേ. പൗരാണിക കാലത്ത് ബ്രാഹ്മണരുടെയും മറ്റു സവര്‍ണരുടെയും ആവാസകേന്ദ്രമായിരുന്നു.

സ്ഥലനമോല്‍പത്തി
രണ്ടാം ശതകത്തിലോ മൂന്നാം ശതകത്തിലോ കടലില്‍ ആണ്ടു പോയ ശ്രീമൂലവാസത്തെ ബുദ്ധക്ഷേത്രത്തിലെ ആറാട്ടു നടന്നിരുന്ന ചരിത്രസ്ഥാനമായിരുന്നതിനാലാണ് ആറാട്ടു പുഴയെന്ന് പേര് ലഭിച്ചുതെന്ന് പറയപ്പെടുന്നു.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു കൊണ്ടിരുന്നവരുടെ നേതൃത്വത്തില്‍ സമഭാമിനി എന്ന യുവജനസമാജം രൂപീകരിച്ചു. എല്ലാ താല്‍പര്യങ്ങള്‍ക്കും അതീതമായി നാട്ടുകാരെ സമഭാമിനിയുടെ കീഴില്‍ അണിനിരത്തി ക്കൊണ്ട് കടപ്പുറത്തുനിന്ന് തുരുത്തിലേക്ക് ബലവത്തായ ഒരു ചിറ നിര്‍മിച്ചു. ദേശീയ പ്രസ്ഥാന കാലഘട്ടത്തില്‍ നടന്ന ഒരു പ്രധാന സന്നദ്ധപ്രവര്‍ത്തനമായിരുന്നു ഇത്.

വാണിജ്യ- ഗതാഗത പ്രാധാന്യം
കറുത്തപൊന്നും സുഗന്ധ വ്യഞ്ജനങ്ങളും തേടി അറബികളും അവര്‍ക്ക് പിന്നാലെ പോര്‍ട്ടുഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും ആറാട്ടുപുഴയിലെത്തിയിരുന്നു.



തൃക്കുന്നപ്പുഴ


ചരിത്രം
ശ്രീമൂലവാസമെന്ന പേരിലാണ് മുന്‍പ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. ശ്രീമൂലവാസം 1500 കൊല്ലംമുമ്പ് ബുദ്ധമതക്കാരുടെ അധീനതയിലായിരുന്നു. തുടര്‍ന്ന് ഇവിടെ ചേരന്‍മാന്‍ പെരുമാളിന്‍റെ ഭരണകാലം.
സ്ഥലനമോല്‍പത്തി
തിരുകൊന്തയും പുഴയും ഉള്ള സ്ഥലത്തെ തൃക്കുന്നപ്പുഴയെന്ന് വിളിച്ചു.
സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
പാണ്ടവത്ത് ശങ്കരപ്പിളള. ടി. കെ. ബാലകൃഷണന്‍ എന്ന ബാലാജി, എസ് അനിരുദ്ധന്‍, കെ.ജി. എന്‍ പണിക്കര്‍, അക്കന്‍റെ പറമ്പില്‍ കൊച്ചുകുഞ്ഞനാശാന്‍, അച്ചുതന്‍, പടിയില്‍ കരുണാകരപ്പേണിക്കര്‍, സി. കെ നാണു തുടങ്ങിയവര്‍ നാടിന്‍റെ മോചന പോരാട്ടങ്ങള്‍ക്ക് തനതായ സംഭാവനകള്‍ നല്‍കിയവരായിരുന്നു. ഇതില്‍ ശ്രീ പാണ്ടവത്ത് ശങ്കരപിളള ഈ ഗ്രാമത്തിന്‍റെ പുന:സംഘടനയില്‍ നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു. 1969ലെ അറവുകാട് സമരാഹ്വാനം വളരെ പ്രസിദ്ധമാണ്.
സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
തിരുവനന്തപുരം മുതല്‍ ഹോസ്ദുര്‍ഗ വരെ 560 കി. മീ. നീളത്തിലുളള ദേശീയജലപാത ഈ പഞ്ചായത്തിലെ 11 വാര്‍ഡുകളില്‍ക്കൂടിയാണ് കടന്നു പോകുന്നത്.
വാണിജ്യ- ഗതാഗത പ്രാധാന്യം
ശാസ്താ ക്ഷേത്രം പല്ലന ശ്രീപോര്‍ക്കലി ഭദ്രകാളി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങള്‍ പ്രസിദ്ധമാണ്. പറേന്തറപളളി, വരവുകാടുപളളി, പതിയാങ്കര കണ്ടലേഴത്തു പളളി തുടങ്ങിയവ പ്രസിദ്ധമായ ക്രൈസ്തവ ദേവാലയങ്ങളാണ്.



മുതുകുളം


മുതുകുളം


ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ മുതുകുളം ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മുതുകുളം. മുതുകുളം പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 11.58 ചതുരശ്രകിലോമീറ്ററാണ്. ആലപ്പുഴ ജില്ലയുടെ തെക്കുപടിഞ്ഞാറ് കായംകുളം കായലിന് 5 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിനെ കായംകുളം-കാര്‍ത്തികപ്പള്ളി റോഡ് രണ്ടായി വിഭജിക്കുന്നു. പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്ത് ആറാട്ടുപ്പുഴ പഞ്ചായത്തും, കിഴക്കുഭാഗത്ത് പത്തിയൂര്‍, ചേപ്പാട് പഞ്ചായത്തുകളും, തെക്കുഭാഗത്ത് കണ്ടല്ലൂര്‍ പഞ്ചായത്തും, വടക്കുഭാഗത്ത് ചിങ്ങോലി പഞ്ചായത്തും മുതുകുളം പഞ്ചായത്തുമായി അതിര്‍ത്തി പങ്കു വയ്ക്കുന്നു. പഞ്ചായത്തിലെ ഭൂപ്രദേശങ്ങളുടെ ശരാശരി ഉയരം സമുദ്രനിരപ്പില്‍ നിന്നും 8 മീറ്ററാണ്. 1953-ലാണ് മുതുകുളം പഞ്ചായത്ത് നിലവില്‍ വരുന്നത്. കരിയാഞ്ചിയില്‍ ഇ.കെ.മാധവന്‍പിള്ളയായിരുന്നു ആദ്യ പഞ്ചായത്തു കമ്മിറ്റിയുടെ പ്രസിഡന്റ്. മലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രമായ ബാലന്‍ -ന്റെ കഥ, സംഭാഷണം, ഗാനങ്ങള്‍, അഭിനയം തുടങ്ങിയ സമസ്തമേഖലകളിലും തനതുസംഭാവന നല്‍കിയ മുതുകുളം രാഘവന്‍പിള്ളയുടേയും മലയാളസിനിമയിലെ ഒരേയൊരു ഗന്ധര്‍വ്വനായിരുന്ന പി.പത്മരാജന്റേയും സ്വദേശമെന്ന നിലയിലാണ് മുതുകുളത്തെ പുറംലോകം ആദ്യം അറിയുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുത്തുക്കുളം എന്നായിരുന്നുവത്രെ ഈ പ്രദേശത്തിന്റെ പേര്. മുത്തുക്കുളം നൂറ്റാണ്ടുകളിലൂടെ മുതുകുളം ആയി മാറി. ഇന്നലെകളിലെ കാര്‍ഷികസമൃദ്ധിയുടെ ധന്യദീപ്തിയാണ് ഈ നാമധേയത്തിന് പിന്നിലുള്ളതെന്ന് കരുതാം. മന്നത്ത് പത്മനാഭന്റെ മുതുകുളം പ്രഖ്യാപനം വളരെ പ്രശസ്തമാണ്.

ചരിത്രം
പാണ്ഡവര്‍ അജ്ഞാതവാസകാലത്ത് ഇവിടെയും താമസിച്ചിരുന്നതായി പഴങ്കഥയുണ്ട്. അന്ന് ഗ്രാമീണരുടെ ആതിഥ്യ മര്യാദയില്‍ സംപ്രീതയായ കുന്തി താന്‍ പൂജിച്ചു വന്നിരുന്ന ദേവതയെ ഗ്രാമീണരുടെ ഐശ്വരത്തിനായി ഇവിടെ തന്നെ പ്രതിഷ്ഠിച്ചു നല്‍കി എന്നാണു വിശ്വാസം.

സ്ഥലനമോല്‍പത്തി
മുത്തുകള്‍ പോലെ മൂല്യവത്തായ ധാന്യകലവറ ആയിരുന്നതിനാലാണ് ഈ പ്രദേശത്തിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുത്തുക്കുളം എന്ന പേര് ലഭിച്ചതെന്നും പിന്നീട് മുതുകുളം ആയിമാറിയെന്നും പറയപ്പെടുന്നു.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
മന്നത്തു പത്മനാഭന്‍റെ മുതുകുളം പ്രഖ്യാപനം താലൂക്ക് കോണ്‍ഗ്രസ്സിന്‍റെ സമ്മേളനം മുതുകുളത്ത് വച്ചു നടന്നപ്പോഴാണ് ഉണ്ടായത്. ഇത് മൂന്നു ദിവസം നീണ്ടുനിന്നു. സി.പി.യുടെ കിരാത ഭരണക്കാലത്ത് കോണ്‍ഗ്രസ്സിന്‍റെ യോഗങ്ങള്‍ നിരോധിച്ചു. നിരോധനം ലംഘിച്ചു യോഗം ചേരാന്‍ ഇ.കെ. മാധവന്‍ പിള്ളയുടെ നേതൃത്വത്തില്‍ പ്രാദേശിക കോണ്‍ഗ്രസ്സ് കമ്മിറ്റി തീരുമാനിച്ചു. യോഗം അലങ്കോലപ്പെടുത്താന്‍ ഗുണ്ടകളായ അരപ്പോലീസ് വന്നെങ്കിലും ജനങ്ങളുടെ സംഘടിത ചെറുത്തു നില്‍പ്പിനെതിരെ അവര്‍ക്ക് ഒന്നും ചെയ്യാനായില്ല.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
1916ല്‍ ചിത്തിര തിരുനാള്‍ മഹാരാജാവിന്‍റെ ഭരണകാലത്ത് ആരംഭിച്ച കൊട്ടാരംവക സ്കൂളാണ് ആദ്യ സ്കൂള്‍.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1953ല്‍ ശ്രീകരിയാഞ്ചയില്‍ ഇ. കെ. മാധവന്‍ പിള്ള പ്രസിഡന്‍റായി ആദ്യത്തെ ജനകീയ പഞ്ചായത്ത് രൂപീകരിച്ചു.





ചിങ്ങോലി


ചിങ്ങോലി


ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപള്ളി താലൂക്കിലെ ഹരിപ്പാട് ബോക്ക് പരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് ചിങ്ങോലി ഗ്രാമപഞ്ചായത്ത്. 7.24 ച:കി.മീ വിസ്തൃതിയുള്ള ഈ പഞ്ചായത്തിന്റെ വടക്ക് കാര്‍ത്തികപ്പള്ളി പഞ്ചായത്തും, കിഴക്ക് നാഷണല്‍  ഹൈവേ 47 ഉം തെക്ക് ചേപ്പാട് പുത്തന്‍ പറമ്പ് റോഡും പടിഞ്ഞാറ് ആറാട്ടുപുഴ പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. ഡച്ച് ഗവര്‍ണര്‍ ആയിരുന്ന ഗൊള്ളനെസ്സിന്റെ അഭിപ്രായത്തില്‍ കൊല്ലത്തിനും പുറക്കാടിനും ഇടയ്ക്കായി കടലോരത്തോട് ചേര്‍ന്നു കിടന്നിരുന്ന “മാര്‍ത്ത” എന്ന പേരില്‍ ഡച്ചുകാര്‍ വിളിച്ചിരുന്ന കാര്‍ത്തികപ്പള്ളി രണ്ടു ചെറുരാജ്യങ്ങള്‍ ചേര്‍ന്നതായിരുന്നു. “കാര്‍ണോപള്ളി” യും (ഇന്നത്തെ കരുനാഗപ്പള്ളി) “കരിമ്പാലിയും”. കാര്‍ണോപ്പള്ളിയുടെ സ്ഥാനം  കൊല്ലത്തിനും കായംകുളത്തിനും പുറക്കാടിനും ഇടയ്ക്കാണ്. മുന്‍കാലത്തിന്റെ ബാക്കി പത്രമായ കഴുവേറ്റും കുന്നും കളരിയും കാലഹരണപ്പെട്ട ഒരു സാമൂഹ്യ വ്യവസ്ഥയെക്കുറിച്ച് ഇന്നും ഒര്‍മ്മിപ്പിക്കുന്നു. 1962 ലാണ് ചിങ്ങോലി ഗ്രാമപഞ്ചായത്ത്  രൂപീകരിച്ചത്. ആദ്യത്തെ പ്രസിഡന്റ് കൊച്ചുകുഞ്ഞ് വൈദ്യന്‍ ആയിരുന്നു. പഞ്ചായത്ത് കെട്ടിടം 1981 ഡിസംബറില്‍ പഞ്ചായത്ത് ഡയറക്ടര്‍ എം.സുബ്ബയ്യന്‍ ഉദ്ഘാടനം ചെയ്തു. കെട്ടിടത്തിന് സ്ഥലം സ്രാമ്പിക്കല്‍ തറയില്‍ മഠത്തില്‍ സുബ്രഹ്മണ്യ അയ്യര്‍ ആണ് സംഭാവന ചെയ്തത്. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ  ചിങ്ങോലി പഞ്ചായത്ത് കയര്‍ വ്യവസായ മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കാഴ്ചവച്ചിരുന്നു. ധാരാളം കയര്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ പ്രസിദ്ധി നേടിയതും ഡിമാന്റ് ഉള്ളതുമായ ആറാട്ടുപുഴ കയറിന്റെ ഉല്‍പ്പാദനകേന്ദ്രം തന്നെ ചിങ്ങോലി, ആറാട്ടുപുഴ എന്നീ ഗ്രാമങ്ങള്‍ ഉള്‍പ്പെട്ട തീരപ്രദേശങ്ങളാണ്.

ചരിത്രം
1742 ല്‍ മാര്‍ത്താണ്ഡവര്‍മ്മ കാര്‍ത്തികപളളി കീഴടക്കി.തിരുവിതാംകൂറിന്‍റെ ഭാഗമായി.

സ്ഥലനമോല്‍പത്തി
ഐതീഹ്യം കണക്കിലെടുത്താല്‍ സിഹ ഒലി ചിങ്ങോലി ആയി മാറിയെന്നു പറയുന്നു.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
പട്ടം താണുപിളള, സി. നാരായണപിളള, എ. പി ഉദയഭാനു., ടി. എം വര്‍ഗീസ് പി. കെ കുഞ്ഞ് എന്നിവര്‍ പങ്കെടുത്ത പ്രസ്തുത യോഗമാണ് ദേശീയ സ്വതന്ത്ര്യസമര പ്രവര്‍ത്തനത്തിലെ ആദ്യ സംരംഭം.

വാണിജ്യ- ഗതാഗത പ്രാധാന്യം
കാര്‍ത്തികപ്പളളി റോഡ് മാത്രമായിരുന്നു പഞ്ചായത്ത് രുപീകരണത്തിന്മുമ്പ് ഉണ്ടായിരുന്നത്.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1962 ലാണ് പഞ്ചാത്ത് രൂപീകരിച്ചത്. കൊച്ചുകുഞ്ഞ് വൈദ്യന്‍ ആദ്യത്തെ പ്രസിഡന്‍റ്.






കാര്‍ത്തികപ്പള്ളി



കാര്‍ത്തികപ്പളളി 

ചരിത്രം
കൊല്ലവര്‍ഷം 904 മുതല്‍ 933 വരെ തിരുവിതാംകൂര്‍ ഭരിച്ച മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് കാര്‍ത്തികപ്പളളി തിരുവിതാംകൂറിനോട് ചേര്‍ത്തു. 1742 ല്‍ കായംകുളവും 1753 ല്‍ അമ്പലപ്പുഴയും അദ്ദേഹം കീഴടക്കി. മുമ്പ് ഇവിടം ബുദ്ധമത സംസ്കാര കേന്ദമായിരുന്നു. കായംകുളത്തിനും പുറക്കാടിനും ഇടയ്ക്കുളള പ്രദേശമാണ് കാര്‍ത്തികപ്പളളി രാജ്യം എന്നറിയപ്പെട്ടിരുന്നത്.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
കാര്‍ത്തികപ്പള്ളിയിലെ ഏക മന്ത്രിയും എം.എല്‍.എ. യുമായിരുന്ന എ. അച്ചുതന്‍, അച്ചുതന്‍ വക്കീല്‍, എ.വി. ആനന്ദരാജന്‍ കണിക്കര മാധവക്കുറുപ്പ് കൃഷ്ണന്‍കുട്ടി സാര്‍, പുത്തേത് നാരായണന്‍ എന്നിവര്‍ മണ്‍മറഞ്ഞ സ്വാതന്ത്ര്യസമര പോരാളികളാണ്.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
1912 ല്‍ സ്ഥാപിതമായ മഹാദേവികാട് ഗവ. വിദ്യാലയവും 1920 ല്‍ മണ്ണൂര്‍ പത്മനാഭപിളള സ്ഥാപിച്ച ദിവാന്‍ കൃഷ്ണന്‍ നായര്‍ സ്മാരക ലോവര്‍ പ്രൈമറി സ്ക്കൂളും പ്രസിദ്ധമാണ്.

വാണിജ്യ- ഗതാഗത പ്രാധാന്യം
പുളിക്കീഴ് പ്രൈവറ്റ് മാര്‍ക്കറ്റ് വാണിജ്യപ്രധാനമാണ്.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
കാര്‍ത്തികപ്പളളി പഞ്ചായത്തിന്‍റെ ആദ്യത്തെ പ്രസിഡന്‍റ് കെ ദാമോദരന്‍ ആ.അ.ആ.ഠ ആയിരുന്നു.




ഹരിപ്പാട്‌


ഹരിപ്പാട്


ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് ബ്ളോക്കില്‍ ഉള്‍പ്പെടുന്നതാണ് ഹരിപ്പാട് ഗ്രാമപഞ്ചായത്ത്. 9.56 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പഞ്ചായത്തിന്റെ വടക്കുഭാഗത്ത് ചെറുതല വീയപുരം പഞ്ചായത്തും, തെക്കുഭാഗത്ത് കാര്‍ത്തികപ്പള്ളി പഞ്ചായത്തും, കിഴക്കുഭാഗത്ത് പള്ളിപ്പാട് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കുമാരപുരം പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. ഹരിപ്പാട് പഞ്ചായത്തില്‍ 13 വാര്‍ഡുകളാണുള്ളത്. ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കിന്റെ ഭരണസിരാകേന്ദ്രമാണ് ഹരിപ്പാട്. താലൂക്കാഫീസ്, മുന്‍സിഫ് കോടതി, മജിസ്ട്രേട്ടുകോടതി, ട്രഷറി, പോലീസ് സ്റ്റേഷന്‍, പോസ്റ്റോഫീസ്, സബ്രജിസ്ട്രാര്‍ ഓഫീസ് എന്നീ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ പണ്ടുമുതല്‍ തന്നെ ഒരു മതില്‍ക്കെട്ടിനുള്ളില്‍ ഇവിടെ നിലകൊണ്ടിരുന്നു. ഹരിതഗീതപുരമെന്നും അരിപ്പാടെന്നും ഈ സ്ഥലത്തിന് പേരുകളുണ്ട്. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ ഒരു കൃതിയില്‍ പാഹിഹരിഗീത പത്തനപതേയെന്നും അദ്ദേഹം തന്നെ മയൂരസന്ദേശത്തില്‍ അരിപ്പാട് വാണോരുകാലം എന്നും പറയുമ്പോള്‍ സ്വാതിരിരുനാള്‍ മഹാരാജാവ് ഹരിഗീത പുതലദീപ! എന്ന് കാര്‍ത്തികേയനെ സംബോധന ചെയ്യുന്നതും ഹരിപ്പാട് എന്ന സ്ഥലനാമത്തിന്റെ പഴക്കവും പ്രാധാന്യവും വിളിച്ചറിയിക്കുന്നു. കുട്ടനാടന്‍ വയലേലകളോടുചേര്‍ന്ന് പുഞ്ചനെല്‍പ്പാടങ്ങളെക്കൊണ്ടും ഇരിപ്പൂനിലങ്ങളെക്കൊണ്ടും സമൃദ്ധമായ (നെല്ല്) ഈ പ്രദേശം രാജഭരണകാലത്ത് ധാന്യ ശേഖരണത്തിന്റെ കലവറ തന്നെ ആയിരുന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തിന് വേണ്ട അരി ഇവിടെനിന്നും നല്‍കിയിരുന്നു. കിഴക്ക് നെല്‍പ്പുരകടവും കൂറ്റന്‍ നെല്ലറകളും പടിഞ്ഞാറ് ഠാണാവ്പടിയും (ഇന്ന് ഡാണാപ്പടി) എല്ലാം ഇതിലേക്ക് വെളിച്ചം വീശുന്നു. അങ്ങനെ രാജ്യത്തിനാവശ്യമായ അരിയില്‍ നല്ലൊരുപങ്കും സംഭരിക്കുന്ന സ്ഥലമെന്ന നിലയില്‍ അരിപ്പാടെന്ന് നാമകരണം ചെയ്യപ്പെട്ടതായി ഒരു പക്ഷം. എന്നാല്‍ ഹരിതഗീതപുരമെന്നതിന്റെ മലയാള പ്രയോഗമാണ് ഹരിപ്പാട് എന്നുള്ള പക്ഷവും നിഷേധിക്കാവുന്നതല്ല.

സ്ഥലനമോല്‍പത്തി
തിരുവിതാംകൂര്‍ രാജകുടുംബത്തിനുവേണ്ട അരി നല്‍കിയിരുന്നത് ഈ പ്രദേശത്തു നിന്നായിരുന്നു. അങ്ങനെ രാജ്യത്തിനാവശ്യമായ അരിയുടെ നല്ലൊരു പങ്കും ശേഖരിക്കുന്ന സ്ഥലമെന്ന നിലയില്‍ അരിപ്പാടെന്ന് നാമകരണം ചെയ്തു എന്നാണ് ഒരു ഐതിഹ്യം. എന്നാല്‍ ഹരിഗീതപുരമെന്നതിന്‍റെ മലയാളപ്രയോഗമാണ് ഹരിപ്പാട് എന്നും പറയുന്നുണ്ട്.

വാണിജ്യ- ഗതാഗത പ്രാധാന്യം
നാഷണല്‍ ഹൈവേ ഈ പഞ്ചായത്തുവഴി കടന്നു പോകുന്നു.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
കിഴക്കേക്കര, ഹരിപ്പാട് വില്ലേജുകള്‍ ചേര്‍ത്താണ് ഹരിപ്പാട് പഞ്ചായത്ത് രൂപീകരിച്ചത്. ആദ്യത്തെ പ്രസിഡന്‍റായി മണ്ണാറശ്ശാല ഇല്ലത്തെ എം. ജി. നാരായണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു.

കുമാരപുരം

കുമാരപുരം

ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന കുമാരപുരം പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ കിഴക്ക് - കൊപ്പാറ-കാര്‍ത്തികപ്പള്ളി തോട്, തെക്ക് - വാടച്ചിറ തോട്, പടിഞ്ഞാറ് കാട്ടില്‍ മാര്‍ക്കറ്റ്-പണ്ടാരച്ചിറ റോഡ്, വടക്ക്-നാല്‍ക്കവല സമുദായത്തില്‍ തോട് എന്നിവയാണ്. 13.75 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്ത് ഓണാട്ടുകരയുടെ ഭാഗമാണ്. പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശം സമുദ്രനിരപ്പില്‍ നിന്നും നാലൂ മീറ്റര്‍ ഉയരത്തിലാണെങ്കിലും പടിഞ്ഞാറന്‍ പ്രദേശത്തെ ചതുപ്പുകള്‍ സമുദ്രനിരപ്പില്‍ താഴെയാണ്. കുമാരന്‍ എന്നു കൂടി അറിയപ്പെടുന്ന സുബ്രഹ്മണ്യന്‍ , ചിത്തിര ഉല്‍സവ സമാപനം കുറിക്കുന്ന ആറാട്ടിനു പുറപ്പെട്ടുവരും വഴി “ഇറക്കിപൂജ” എന്ന വിശ്രമം തനിക്കായി ഒരുക്കാറുള്ള പരിസര ഗ്രാമത്തിന് കനിഞ്ഞു നല്‍കിയ പേരാണത്രേ ‘കുമാരപുരം’. ഐതിഹ്യത്തിന് അടിസ്ഥാനമില്ലെന്ന് വന്നാലും, എന്നൊ കൊത്തിവച്ച പൂജാശിലക്കു പിന്നില്‍ പലതിനും സാക്ഷ്യം വഹിച്ചുകൊണ്ട് പഴമയേയും പുതുമയേയും കൂട്ടിയിണക്കിയ ഒരു പടുകിഴവന്‍ അരയാല്‍ വൃക്ഷം വഴിമാറി കൊടുത്ത വിശിഷ്ട സ്ഥാനത്താണ് ഇന്നത്തെ വില്ലേജിന്റെ ആസ്ഥാനം. 13.75 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള കുമാരപുരം പഞ്ചായത്തിനെ 15 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. നാഷണല്‍ ഹൈവേ-47 കുമാരപുരം പഞ്ചായത്തില്‍ കൂടെ കടന്നുപോകുന്നു. ലോകപ്രശസ്തരായിത്തീര്‍ന്ന രണ്ടു രാജകുമാരന്മാരുടെ കൂടി ഗ്രാമമാണ് കുമാരപുരം. ഇവരില്‍ മുതിര്‍ന്നയാള്‍ കേരള കാളിദാസനും പ്രായം കുറഞ്ഞയാള്‍ കേരള പാണിനിയും ആണ്. അനന്തപുരം കൊട്ടാരത്തിലെ ത്രിമൂര്‍ത്തികളായി കുമാരനാശാന്റെ ‘പ്രരോദന’ ത്തില്‍ പരാമര്‍ശിക്കപ്പെട്ട രാജകുമാരന്‍മാരില്‍ ഏറ്റവും പ്രശ്സതരായ രണ്ടുപേരാണ് കേരള കാളിദാസന്‍ എന്നറിയപ്പെട്ട കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനും കേരള പാണിനി എന്നറിയപ്പെട്ട ഏ ആര്‍ രാജരാജ വര്‍മ്മയും. വാഗ്ഭടന്‍ കൂടി ചേരുമ്പോള്‍ ത്രിമൂര്‍ത്തികളായി.

ചരിത്രം
കേരളകാളിദാസന്‍ എന്നറിയപ്പെടുന്ന കേരളവര്‍മ്മവലിയകോയി മ്പുരാനും, കേരളപാണിനി എന്നറിയപ്പെടുന്ന എ. ആര്‍.രാജരാജവര്‍മയും ഈ ഗ്രാമക്കാരാണ്.

സ്ഥലനമോല്‍പത്തി
ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തില്‍ നിന്നും ആറാട്ടിന് പുറപ്പെട്ട് വരുംവഴിക്ക് ഇറക്കിപ്പൂജ എന്ന വിശ്രമം സുബ്രഹ്മണ്യ സ്വാമിക്കായി ഒരുക്കാറുള്ള പരിസരഗ്രാമത്തിന് കനിഞ്ഞ് നല്‍കിയ പേരാണ് കുമാരപുരം എന്ന് സങ്കല്‍പ്പം.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
കെ.ജി.എം. പണിക്കര്‍, എസ് അനിരുദ്ധന്‍ തുടങ്ങി വിരലിലെണ്ണാന്‍ കഴിയുന്നത്ര വ്യക്തികളേ ഈ പ്രദേശത്തുനിന്നും സ്വാതന്ത്ര്യസമരത്തില്‍ സജീവമായി രംഗത്ത പങ്കെടുത്തിരുന്നുളളു.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
കുമാരപുരത്ത് ആത്മവിദ്യാസംഘം സ്ഥാപിച്ച വാഗ്ഭടാനന്ദ ഗുരുദേവന്‍ ഗ്രാമത്തിലുള്ള കവറാട്ടെന്ന സ്ഥലത്ത് 1926 ല്‍ ഒരു മഹാസമ്മേളനത്തില്‍ പങ്കെടുത്തു. അതില്‍ മഹാകവി വള്ളത്തോള്‍ ബ്രഹ്മാനന്ദ സ്വാമികള്‍, ലക്ഷ്മി എന്‍ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. 1916 ല്‍ പഞ്ചായത്തിലെ ആദ്യത്തെ സ്കൂളായ നാരായണവിലാസം എല്‍.പി. സകൂള്‍ ആരംഭിച്ചു

വാണിജ്യ- ഗതാഗത പ്രാധാന്യം
കാര്‍ഷിക വിളകളുടെയും വ്യവസായിക ഉല്‍പന്നങ്ങളുടെയും പോക്കുവരവിന് ഗ്രാമം ദേശീയ ജലപാതയെയാണ് ആശ്രയിച്ചിരുന്നത്.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1953 ലാണ് പഞ്ചായത്ത് നിലവില്‍ വന്നത്. 195053 വരെ കെ.എം. ഉണ്ണിത്താനായിരുന്നു പ്രസിഡന്‍റ്. 1953 ല്‍ വി.കൃഷ്ണന്‍ പ്രസിഡന്‍റായി .